Hadith for the World
ഹൃദയത്തെ നിർമ്മലാക്കുന്ന വചനങ്ങളും, മതപരമായ ഉപദേശനിർദേശങ്ങളും

മനസ്സുകളെ ശുദ്ധീകരിക്കൽ

9 hadiths

9 hadiths

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവൻ്റെ മേൽ യാതൊരു തെറ്റുമുണ്ടായിരിക്കുകയില്ല."رواه الترمذي وأحمد
സ്വുഹൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും."رواه مسلم
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- എൻ്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു: "ദുനിയാവിൽ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ നീ ആയിത്തീരുക." ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറയാറുണ്ടായിരുന്നു: "വൈകുന്നേരമായാൽ ഇനിയൊരു പകൽ നീ പ്രതീക്ഷിക്കരുത്.പകലിൽ പ്രവേശിച്ചാൽ ഇനിയൊരു വൈകുന്നേരവും നീ പ്രതീക്ഷിക്കരുത്. നിൻ്റെ ആരോഗ്യത്തിൽ നിന്ന് അനാരോഗ്യത്തിലേക്കുള്ളതും, നിൻ്റെ ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ളതും നീ സമ്പാദിക്കുക."رواه البخاري
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പരസ്പരം അസൂയ വെക്കരുത്. (പ്രയാസമുണ്ടാക്കാനായി) കച്ചവടച്ചരക്കിൻ്റെ വില കൂട്ടിപ്പറയുകയുമരുത്. നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തുകയോ ചെയ്യരുത്. പരസ്പരസഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനോട് അതിക്രമം പ്രവർത്തിക്കുകയോ, അവനോട് വഞ്ചന കാണിക്കുകയോ, അവനെ നിസ്സാരവൽക്കരിക്കുകയോ ഇല്ല. തഖ്‌വ ഇവിടെയാകുന്നു." -തൻ്റെ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് മൂന്ന് തവണ അവിടുന്ന് അത് പറഞ്ഞു-. "തൻ്റെ സഹോദരനായ മുസ്‌ലിമിനെ നിസ്സാരനായി കാണുക എന്നത് മാത്രം ഒരാൾക്ക് തിന്മയായി മതിയായതാണ്. എല്ലാ മുസ്‌ലിം സഹോദരനും -അവൻ്റെ രക്തവും സമ്പത്തും അഭിമാനവും- മറ്റെല്ലാം മുസ്‌ലിം സഹോദരങ്ങൾക്കും മേൽ നിഷിദ്ധമാണ്.'"رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക! നിങ്ങൾക്ക് മുകളിലുള്ളവരിലേക്ക് നിങ്ങൾ നോക്കരുത്. അതാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിസ്സാരമാക്കാതിരിക്കാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്."متفق عليه
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് അനുഗ്രഹങ്ങൾ; ധാരാളം ജനങ്ങൾ അതിൽ നഷ്ടക്കാരായിരിക്കുന്നു. ആരോഗ്യവും ഒഴിവു സമയവുമാണത്."رواه البخاري
അബൂ മാലിക് അൽഅശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു."رواه مسلم
സുഫ്യാൻ ബ്നു അബ്ദില്ല അസ്സഖഫി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്‌ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക."رواه مسلم وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു പേർ; അല്ലാഹുവിൻ്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അവർക്കവൻ തൻ്റെ (അർശിൻ്റെ) തണൽ വിരിക്കുന്നതാണ്. നീതിമാനായ ഭരണാധികാരി, അല്ലാഹുവിന് ഇബാദത്ത് ചെയ്തു വളർന്ന യുവാവ്, മസ്ജിദുകളുമായി തൻ്റെ ഹൃദയം ബന്ധിക്കപ്പെട്ട വ്യക്തി, അല്ലാഹുവിൻ്റെ മാർഗത്തിൽ പരസ്പരം സ്നേഹിച്ച രണ്ടു പേർ; അവൻ്റെ മാർഗത്തിൽ അവർ ഒരുമിക്കുകയും അതിലായിരിക്കെ (മരണപ്പെട്ട്) അവർ പിരിയുകയും ചെയ്തു, നല്ല തറവാടും ഭംഗിയുമുള്ള ഒരു സ്ത്രീ (തിന്മയിലേക്ക്) ക്ഷണിച്ചപ്പോൾ 'ഞാൻ അല്ലാഹുവിനെ ഭയക്കുന്നു' എന്ന് പറഞ്ഞവൻ, അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദാനം നൽകുകയും, അവൻ്റെ വലതു കൈ നൽകിയ ദാനം ഇടതു കൈ പോലും അറിയാത്ത വിധം അത് മറച്ചു വെക്കുകയും ചെയ്ത മനുഷ്യൻ, ഏകനായി അല്ലാഹുവിനെ സ്മരിക്കുകയും കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്ത ഒരു മനുഷ്യൻ; (ഇവരാണവർ)."متفق عليه